നിരൂപണം

Writers Blog

ഫാത്തിമ സന. പി

ഓരോ പ്രഭാതത്തിലും ഞാന്‍ നിന്റെതാവുന്നു. നിന്റെ വരവേല്‍പ്പ്, പുലരിയുടെ കാമുകിയാണെങ്കിലും എനിക്കു വേണ്ടിയാണെന്ന തോന്നല്‍….
അലസമായ ഓര്‍മകളില്‍ അവള്‍ പിടഞ്ഞെണീറ്റു. മനോഹരമായ ചിത്രപ്പണികളാല്‍ തീര്‍ത്ത ചുമരുകള്‍, മനസ്സിന്റെ മനോഹരിത ആ ചുമരുകള്‍ക്കിടയിലെ ഏകയായി അവിശേഷിച്ചു. പതുപതുത്ത പുതപ്പിനുള്ളില്‍ നിന്ന് ഒരു കുഞ്ഞു പുഴുവിനെ പോലെ അവളെണീറ്റു. പതിവു പ്രകാരം ജാലകങ്ങള്‍ക്കപ്പുറമുള്ള പാഠശേഖരങ്ങള്‍ നോക്കിയിരുന്നു. മനോഹരം, പച്ച പുടവ യെടുത്ത മഹാറാണി ,തുഷാരങ്ങളുടെ ഓരോ കണികയും വജ്രാഭരണങ്ങളായിരിക്കുന്നു.
‘എനിക്ക് കണ്ണുകളെടുക്കാന്‍ തോന്നുന്നില്ല’ അവളുടെ ചുണ്ടുകള്‍ പതിയെ മന്ത്രിച്ചു. എല്ലാം പഴമയാര്‍ന്നതു തന്നെ എന്നാലും ദിനംപ്രതി ആ പാഠശേഖരങ്ങള്‍ സുന്ദരിയാവുന്നുണ്ടായിരുന്നു .

പക്ഷേ അത് അവിടെ എങ്ങെനെ?
‘നിവേദ്യ ബിസിനസ്സ് ഗ്രൂപ്പ് ‘
പാഠശേഖരങ്ങളുടെ നടുവിലായി സ്ഥിരതാമസക്കാരനായ നോക്കുകുത്തിയെ തള്ളി മാറ്റി കൊണ്ട് ഒരു പുതിയ ബോര്‍ഡ് വന്നിരിക്കുന്നു. അതല്ല അതിശയം മറിച്ച് തന്റെ പേരാണ് ആ ഫലകത്തില്‍ എഴുതി ചേര്‍ത്തിരിക്കുന്നത്.

‘മോളെ നിവേദ്യാ…….,
അയാള്‍ അവളുടെ റൂമിലേക്ക് കടന്നു വന്നു. എന്തോ അച്ഛന്റെ വിളിക്കവള്‍ മറുപടി കൊടുത്തില്ല. അവളത് കേള്‍ക്കുന്നു പോലുമില്ലായിരുന്നു.കിഴക്ക് പാഠത്ത് കുടിയൊഴിഞ്ഞ നോക്കുകുത്തി, അവിടെ പ്രതിഷ്ഠിച്ച തന്റെ പേര്, അവളാകെ അമ്പരന്ന് നില്‍ക്കുകയായിരുന്നു.
‘മോളെ, ‘ അയാള്‍ നിവേദ്യയുടെ തലയില്‍ പതിയെ തലോടി.
ചൂടുള്ള അച്ഛന്റെ കരങ്ങള്‍ അവളെ ചിന്തയില്‍ നിന്നുണര്‍ത്തി .

‘ അച്ഛനെപ്പോ, വന്നു,

‘അത് ശരി, അപ്പോ ഇത്ര നേരം അച്ഛന്‍ സംസാരിച്ചത് തമ്പ്രാട്ടി കുട്ടി കേട്ടില്ലല്ലേ’

‘ അച്ഛാ ,അതെന്താ, ‘ അവള്‍ അതിശയത്തോടെ
ആ ബോര്‍ഡിലേക്ക് ചൂണ്ടി കാണിച്ചു .
‘ആഹാ, അപ്പോ മോളത് കണ്ടോ ,ഇത് മോളുടെ പേരില്‍ തുടങ്ങാന്‍ പോവുന്ന പുതിയ പ്രൊജക്ടാ, ഡീറ്റെയിലായി പിന്നെ പറയാം വാ, വന്ന് ഭക്ഷണം കഴിക്ക്. അനുസരണയുള്ള പാവയെ പോലെ നിവേദ്യ അച്ഛനൊപ്പം പോയി.

വഴിനീളെ ചിന്തകളായിരുന്നു അവള്‍ക്ക് .പാഠ വരമ്പിന്റെ എതിര്‍ വശത്തായി ടാറിട്ട റോഡിലൂടെ അവളുടെ വാഹനം പതിയെ മുന്നോട്ട് പോയി.

‘മോളെ… എന്താ ഒന്നും മിണ്ടാത്തെ, സ്വന്തായിട്ട് ബില്‍ഡിംഗ് ഒക്കെ വരാന്‍ പോവാണല്ലോലേ?’

കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഉയര്‍ന്ന് വന്ന ആ ശബ്ദം രാമു ചേട്ടന്റെതായിരുന്നു.
അച്ഛന്‍ ഈ കാര്‍ വാങ്ങിയ അന്ന് തൊട്ട് രാമുവേട്ടനും കൂടെയുണ്ട്. അച്ഛന്റെ ശിപ്പായിയാണ് രാമുവേട്ടന്.

അവളൊന്നു പുഞ്ചിരിച്ചു.
‘എന്ത് ,രാമുവേട്ടാ…, അത് അച്ഛനുണ്ടാക്കുന്നെ അല്ലേ, ഈ സ്‌കൂള്‍ പഠനത്തിനിടയില്‍ ഞാനെതെങ്ങനെ നോക്കാനാ ‘

‘മോളെ നീ പറഞ്ഞത് ശരിയാ, എന്നാലും വേണ്ടില്ലായിരുന്നു, പത്ത് പതിനഞ്ച് കര്‍ഷക കുടുംബങ്ങളെ പുറത്താക്കി കൊണ്ടുള്ള ഈ പദ്ധതി,
മോള്‍ പഠിപ്പും വിവരുള്ള കുട്ടി അല്ലെ, മോള്‍ടെ അച്ഛനെ ഈ രാമുവേട്ടനറിയാം, ഞാന്‍ പറഞ്ഞാല്‍ മൂപ്പര് കേള്‍ക്കൂല, ന്റെ കുട്ടിയൊന്ന് പറഞ്ഞ് കൊടുക്കേണ്ടി, ഒരു പാട് പേരെ കണ്ണീര് കുടിപ്പിച്ചാല്‍ നമ്മക്ക് ഗുണണ്ടാവൂല, ‘
അയാളുടെ സംസാരമങ്ങനെ നീണ്ടുപോയി, സ്‌ക്കൂളിന്റെ പടിയെത്തിയപ്പോഴാണ് അയാളത് അവസാനിപ്പിച്ചത്ത് .അയാളുടെ വാക്കുകളുടെ അഘാതം ഒരു നോവായി അയാളുടെ മുഖത്ത് നിഴലിച്ചിരുന്നു.
അന്നത്തെ ദിവസം മുഴുവനും നിവേദ്യക്ക് മടുപ്പായി തോന്നി. കൂട്ടുക്കാരില്‍ പലരും വന്ന് അവളെ അഭിനന്ദിച്ചു. ചിലരവളെ അസൂയയോടെ നോക്കുന്നുണ്ടായിരുന്നു. വന്നപ്പോ തൊട്ടേ മുതലാളി എന്നവിളിപ്പേര്. കൂടെയുള്ള കൂട്ടുക്കാര്‍ക്കെല്ലാം ട്രീറ്റും വേണം. യഥാര്‍ത്ഥത്തില്‍ നിവേദ്യ സ്ഷൂളിലൊരു കൊച്ചു മുതലാളിയായിരിക്കുന്നു .

അവളൊന്ന് മനസ്സറിഞ്ഞ് പുഞ്ചിരിച്ചത് പോലുമില്ല. കൃത്രിമം . എന്തിന് ഈ ദിനം പോലും നിവേദ്യക്ക് കൃത്രിമമായി തോന്നി. വീട്ടില്‍ അച്ഛനെ കാണാന്‍ വരുന്ന ചില വൈറ്റ് നീറ്റ് ആളുകളെ അവള്‍ കണ്ടിട്ടുണ്ട്. അവരുടെ വസ്ത്രധാരണ രീതിയാണ് അവര്‍ക്ക്ആ പേര് സമ്മാനിച്ചത്. നിവേദ്യയുടെ അച്ഛന്‍ അവരോട് പുഞ്ചിരിക്കുന്നത് അവള്‍ കണ്ടിട്ടുണ്ട് ,അവര്‍ പുറത്ത് പോയാല്‍ പുഞ്ചിരിച്ച ആ മുഖം കോപം കൊണ്ട് ജ്വലിക്കുന്നതും അവള്‍ കണ്ടിട്ടുണ്ട്. കൃത്രിമമായ പുഞ്ചിരി. ചെറുപ്പം തൊട്ടേ കണ്ടു വന്ന, മായം കലര്‍ത്തിയ ആ പുഞ്ചിരി അവളിലും പതിഞ്ഞിരുന്നു.

മങ്ങിയ വര്‍ണങ്ങളോട് നിവേദ്യക്ക് വെറുപ്പായിരുന്നു. സ്‌ക്കൂള്‍ വിട്ട് തിരിച്ചുള്ള വരവ് ദേവുന്റെ കൂടെയാണ്. നിവേദ്യക്ക് ഏറെ ഇഷ്ട്ടമാണ് ആ മടക്കം. നിഷ്‌കളങ്കമാര്‍ന്ന ദേവു വിന്റെ പുഞ്ചിരി ദൈവാനുഗ്രഹമാണെന്ന് അവള്‍ക്കെപ്പഴും തോന്നാറുണ്ട്.

വീട്ടിലേക്കുള്ള വഴി നീളെ ദേവുവാണ് അവള്‍ക്കൊരു കൂട്ട് .തൊട്ടടുത്ത ഗവണ്‍മെന്റ് സ്‌ക്കൂളിലാണ് അവള്‍ പഠിക്കുന്നത്.

‘ദേവൂ …. ദേവൂ ….’
ദേവു ഒരു പാട് മുന്നിലായിരുന്നു. നിവേദ്യ ഒരു പാട് വിളിച്ച ശേഷമാണ് ദേവു തിരിഞ്ഞു നോക്കിയത്.
‘എന്റെ ദേവൂ ….. എത്ര നേരായി ഞാന്‍ വിളിക്കുന്നേ, എന്താ ഒന്ന് നിന്നാല്‍’
ദേവുവിന്റെ മുഖമാകെ ചുവന്നു തുടുത്തിരുന്നു. പുഞ്ചിരിച്ചു കൊണ്ട് നിവേദ്യ നീതുവിന്റെ അടുത്തെത്തി. നിവേദ്യ ദേവുവിന്റെ കൈ ചേര്‍ത്ത് പിടിച്ചു. എന്നാല്‍ ദേവു ദേഷ്യത്തോടെ അത് പിറകോട്ട് വലിച്ചു .

‘ഹും, നിനയൊക്കെ കാത്ത് നിന്നത് വെറുതെയാടി, ഇപ്പോ ഞങ്ങളൊക്കെ വീട് വിട്ട് തെണ്ടേണ്ടി ഇരിക്കുന്നു നീ കാരണം.നീയൊക്കെ നാല് നേരം തിന്നുന്നത് ഞങ്ങളുടെയൊക്കെ അച്ഛന്മാര് വയര്‍ മുറുക്കി കെട്ടി പണി എടുക്കുന്നതോണ്ടാ, ഓര്‍ത്തോ മണ്ണില്‍ വലിയ കോണ്‍ഗ്രീറ്റ് ബില്‍ഡിംഗ് ഉണ്ടാക്കിയാലും അതിനൊരിക്കലും അന്നം തരാനാവില്ല,’

ദേവുവിന്റെ മൂര്‍ച്ചയേറിയ വാക്കുകള്‍നിവേദ്യയെ ഏറെ വേദനിപ്പിച്ചു. അവസാനം ദേവു വിന്റെ കണ്ണുനീര്‍ ഒരു രക്തക്കറയായി നിവേദ്യയുടെ വെളുത്ത യൂണിഫോമില്‍ പതിഞ്ഞ് ചേര്‍ന്നു.ഇപ്പോ ആ നാലു ചുവരുകള്‍ക്കകത്തേക്ക് ആരും വരാറില്ല. വെറുത്തിരുന്നു, എല്ലാം.
തന്നെ പ്രദീക്ഷിക്കുന്ന പുലരിയെ പോലും.
ഉറപ്പിച്ചച്ചെ ജനവാതില്‍ ഒരു പ്രതിഷേധം പോലെ കാറ്റില്‍ തുറക്കപ്പെട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ അറിയാതെ ആ വിദൂരതയിലേക്ക് സഞ്ചരിച്ചു. എല്ലാം അന്യമായിരിക്കുന്നു .ആരും അവളെ നോക്കുന്നു പോലുമില്ല. കൃത്രിമമായ പുഞ്ചിരികള്‍ മാത്രം ചിലയിടത്ത് സമ്മാനിക്കപ്പെടുന്നു. മടുപ്പ് തോന്നുന്നുണ്ട്.

വാക്കു കൊണ്ട് അവള്‍ അച്ഛനോടൊരുപ്പാടെ തിര്‍ത്തു. അത് ചെവി കൊള്ളാന്‍ അയാളൊരിക്കലും തയ്യാറായില്ല. ഒരു പാട് ചതഞ്ഞരഞ്ഞ അസ്ഥികള്‍ക്കു മേല്‍ അയാള്‍ വീണ്ടും കോണ്‍ഗ്രീറ്റ് വിത്തുകള്‍ പാകി കൊണ്ടെയിരുന്നു.

നിവേദ്യ വീണ്ടും ആ വഴിയിലേക്കിറങ്ങി .മണ്‍ വരമ്പുകളെല്ലാം മണ്‍മറഞ്ഞിരിക്കുന്നു .ഉണങ്ങിയ പുല്‍നാമ്പുകളെ കൂടികവരാന്‍ മനുഷ്യ യന്ത്രം വീണ്ടും സഞ്ചരിക്കുന്നുണ്ട്.
നിവേദ്യക്ക് തന്റെ കാലുകളാരോ പിറകോട്ട് വലിക്കുന്ന പോലെ തോന്നി. പെട്ടന്നവള്‍ എന്തി ലോ തട്ടി തടഞ്ഞു വീണു. വീണിടത്ത് നിന്ന് പിടഞ്ഞെണീറ്റപ്പോള്‍ നഗ്‌നമായ കാലുകളാണ് അവള്‍ കണ്ടത് .മാവിന്റെ കൊമ്പുകളിലെവിടെയോ ഊഞ്ഞാല്‍ കെട്ടി ആടുന്ന ഒരു ശരീരം .മുകളിലേക്ക് നോക്കി, മരവിച്ച മനുഷ്യ ശരീരം, പട്ടിണി പകര്‍ന്ന കര്‍ഷക ശരീരം. ആനഗ്‌നമായ കാലുകള്‍ക്ക് ഒരു പാട് പറയാനുണ്ട്. ചേറും ചളിയം സുഗന്ധമാക്കിയ കഥ . നിവേദ്യ ഭയന്ന് കൊണ്ട് പിന്തിരിഞ്ഞു.
അവള്‍ ഓടുകയായിരുന്നു. ആ ഓട്ടത്തിലെല്ലാം ഒരു പാട് ശരീരങ്ങള്‍ തട്ടി തടത്ത് അവള്‍ വീണു. ആ ശരീരങ്ങളെല്ലാം മണ്ണിന്റെ മക്കളായിരുന്നു. അവര്‍ക്കെല്ലാം ചേറിന്റെ മണമായിരുന്നു.
ആ കയറുകളുടെ അറ്റങ്ങളെല്ലാം അവള്‍ക്ക് വേണ്ടി കുരുക്കിടുന്നതായി തോന്നി. യഥാര്‍ത്ഥത്തില്‍ പാപം ചെയ്യുന്നവര്‍ കല്ലെറിയപ്പെടുന്നില്ല. പാപി….. ഞാനാണ്…..

‘അച്ഛാ……..’
ഒരായിരം ദൂരം താണ്ടിയ പോലെ, അവള്‍ അയാളുടെ മടിയിലേക്ക് ഉതിര്‍ന്ന് വീണു.

‘അച്ഛാ എനിക്ക്, ഈ ചോറു വേണ്ട അച്ഛാ, ഇതിന് ചോരേടെ ചുവയാണ് അച്ഛാ, എനിക്ക് വിശക്കുന്നു, കിഴക്ക് പാടത്ത് വിളയണ നെല്ലരി ചോര്‍ മതി, ചോര ചൊയക്കണ ചോറു വേണ്ട അച്ഛാ ‘

ഭ്രാന്തിയെ പോലെ അവള്‍ അലറി, തന്റെ പുസ്തക കെട്ടുകള്‍ വാരിയെറിഞ്ഞു. പിന്നെ ഒരു ഓട്ട പന്തയമായിരുന്നു. അച്ഛന്‍ പണിത കെട്ടിടത്തോട് കൊഞ്ഞനം കുത്തി തന്റെ തൂമ്പ കൊണ്ട് അവള്‍ വീണ്ടും കിളക്കാന്‍ തുടങ്ങി. ചേറിന്റെ മണമറിയണം. മണ്ണിന്റെ മനസ്സറിയണം. നാലുചുവരുകളെക്കാള്‍ ഭദ്രമാണ് ഞാനറിയുന്ന ഈ മണ്ണ്. നിവേദ്യയുടെ കൈകള്‍ ശക്തിയോടെ മുന്നോട്ട് കുതിച്ചു.ഒരു തലമുറക്ക്
വിശരഹിതമായ അന്നം നല്‍കാനായി.അവള്‍ മണ്ണിനൊരു പോറ്റമയായി .

Leave a Reply

Your email address will not be published. Required fields are marked *